Thursday, May 14, 2015

ഹാ‍.. ച് ച്ഛീ‍..!!!


അകലെയിരുന്നാരോ

എന്നെക്കുറിച്ച്‌ പറയുന്നുണ്ടെന്ന്‌

പറയുവാന്‍

എനിക്കൊരു തുമ്മല്‍ വേണം......

ഒന്നുറക്കെയലറി

എന്റെ വാടകവീടിനെ

നടുക്കി എനിക്കു പറയണം;

‘എന്നെക്കുറിച്ചാരോ

ഓര്‍ക്കുന്നുണ്ടിപ്പോഴും...’

മൂക്കും മുഖവുമെരിയുമ്പോള്‍

തന്നെ എന്തൊരു

പ്രതീക്ഷയാണ്.......

കണ്ണുകളിറുക്കി, നെറ്റിചുളിച്ച്‌....

ഹൊ......

ആ നിമിഷമാകും

നശിച്ച ഒരു കോട്ടുവായോ,

ചുമയോ കേറി വന്ന്‌

അലോസരപ്പെടുത്തുക...

ഒടുവില്‍,

രണ്ടും കൂടെ സമ്മിശ്രപ്പെട്ട്‌

രണ്ടുമല്ലാത്ത മറ്റെന്തോ പോലെ......

അപൂര്‍ണ്ണമായ

ഓരോ തുമ്മലിന്റേയും

അസ്വസ്ഥതകള്‍ക്കൊടുവില്‍

ഞാന്‍ കൊതിക്കാറുണ്ട്,

വെറുതെ ഒന്നലറുവാന്‍........!


--------------------------------------------------------


E.M.I


ഒരു വീടെന്നത്‌

ഇന്നലെവരെ

ഒരു സ്വപ്നമായിരുന്നു...

ഇന്നെനിക്ക്‌ ആ സ്വപ്നമേയില്ല.....!

ഒരിക്കലും തീരാത്ത

മാസഗഡുക്കള്‍ക്ക്‌ മീതെ

ഞാനെന്റെ സ്വപ്നത്തെ

പണയപ്പെടുത്തുകയായിരുന്നു....

വീടായാല്‍ ഒരു പേരുവേണം..,

പേരായാല്‍ പുതുമ വേണം....

അതുകൊണ്ട്‌ എന്റെ വീടിന്

ഞാനൊരു പേരിട്ടു;

E.M.I ഭവന്‍......

എല്ലാ വീടുകളേയും ഓരോ

ദൈവങ്ങള്‍ കാത്തുകൊള്ളുമെന്നത്‌‌

വിശ്വാസികളുടെ വിശ്വാസം...

അതുകൊണ്ട്,

അതുകൊണ്ടുമാത്രം

കട്ടിളത്തലയ്ക്കല്‍

ഞാനുമൊന്നു തൂക്കി;

S.B.T ഈ വീടിന്റെ ഐശ്വര്യം..........!

Wednesday, December 22, 2010

വാക്കുരച്ചപ്പോൾ കിട്ടിയത്...

കവി വിത്സണ്...എനിക്കും ഒരു മരമാകണമെന്നവൻ;
പാഴ്ത്തടിയെന്ന്‌ ചിലർ...
കാതലെന്ന്‌ അടുത്തറിയുന്നവർ.......

എനിക്കറിയാം;
കവിതയിലും ജീവിതത്തിലും സദാ
പൂക്കുന്ന അകക്കാമ്പുള്ള ഒരൊറ്റ മരം..

ഏതൊഴുക്കിലും
വേരറ്റുപോകാത്ത, വേരഴുകാത്ത
ഒറ്റ മരം....

കവിതയുടെ സ്വസ്ഥതയിൽ,
സ്വച്ഛതയിൽ,
നിത്യതയിൽ
ഒരസ്വാസ്ഥ്യം പോലെ
മരുഭൂമിയിൽ ഹരിതമാകുന്നവൻ...

സങ്കടങ്ങളുടെ ഉഷ്ണക്കാറ്റിൽ
ഛന്ദസ്സുടഞ്ഞ നിന്റെ
ശബ്ദമെനിക്ക് കേൾക്കാം,
പരുക്കനെങ്കിലും, പതുക്കെയായ്....

ഓ കുഴൂർ.......................
കവിതയിലെ ഒറ്റ മരമേ......,
...............................................
മരമേ.....................................

Saturday, December 18, 2010

സമാന്തരങ്ങൾ...

പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്..


സിര തുരക്കുന്ന ലഹരിയിൽ‌പ്പരിഭവം
പതിവിനപ്പുറമകന്നിരുന്നെങ്കിലും
കരൾ പറിക്കും വിഷാദമേയരികെ നീ
വരിക നോവിന്റെ ഗസലുമൂളുവാൻ...

പുഴപതഞ്ഞെത്തും നമുക്കുള്ളിലേയ്-
ക്കെങ്കിലും ഒരുടലൊഴുക്കിലും
കുതിരില്ല സങ്കടം.....

ഇരുളുമൊത്തുന്ന രാത്രിയിൽ
സഗദ്ഗദം മദിരമോന്തുന്ന
പുഴകളാവണം സവിസ്മയം
കനലുകൊത്തുന്ന പക്ഷിപോൽ-
ക്കവിതയിൽ ചിറകടിച്ചുയരുവാൻ രണ്ടു
ചിറകുതേടണം ലഹരിയിൽ...

വഴിമറന്നുപോയെങ്കിലുമോർമ്മയിൽ-
ക്കൂട്ടിനുണ്ടൊരേ മുറിപ്പാടുപോൽ വാക്കുകൾ,
തീക്ഷ്ണമായ്‌.....

മഴയുണങ്ങുന്നു മൌനത്തിനൊപ്പമായ്‌
സിര നനഞ്ഞു, നനഞ്ഞു പോയെങ്കിലും
ഇരുളുകീറുവാൻ കഴിയണം കവിതയിൽ
വരി വിഴുങ്ങും വിഷാദമുണ്ടെങ്കിലും.....

വരിക ഗായകാ.. വാക്കിന്റെയഗ്നിയായ്
മുറിവൊരുക്കുന്ന ഗസലുമൂളുവാൻ,
വരിക ഗായകാ.. വരികളിൽ‌പ്പൂക്കും
മുറിവുണക്കുന്ന ഗസലുമൂളുവാൻ.....!