Wednesday, April 2, 2008

അവസ്ഥാന്തരം

വലയ്ക്കിരുവശവും, അകവും പുറവുമെല്ലാം
ജലസമൃദ്ധം........!
അപ്പോൾപ്പിന്നെ അതൊരു തടവറയാകുന്നതെങ്ങനെ...?
ആദ്യമവനൊന്നു ശങ്കിച്ചുവെങ്കിലും
ചെകിളകുടഞ്ഞ്‌ ആശങ്കകൾ ചീറ്റിയെറിഞ്ഞു..
പുലർച്ചെ സ്വപ്നത്തിൽ കരയിലൊരു
കറിയടുപ്പ്‌ പുകഞ്ഞുവെന്നത്‌
വെറുമൊരു തോന്നലെന്നവൻ.................
വലയ്ക്കുള്ളിലെ കടലൊഴുക്കിൽ
തുടിച്ചുനീന്തിയും,
വലക്കണ്ണികളിൽ മുഖമുരസിയും
പുളഞ്ഞിളകുമ്പോൾ വല ദു:ഖത്തോടെ
കുരിശു വരച്ചു പിറുപിറുത്തു;
“ ഓ ദൈവമേ,
ഇവൻ മരണത്തോടടുക്കുകയാണ്,
ജീവിതത്തിൽ നിന്നകലുകയും..”
അബദ്ധസഞ്ചാരത്തിന്റെ അടിപ്പരപ്പിൽ
പല്ലിളിച്ച ജലസസ്യങ്ങൾക്ക്‌ കൊടുത്തു രണ്ട്‌ ഉമ്മ....
ശംഖിലൊളിച്ചുകളിച്ചും, സുല്ലിട്ടും
ആപത്തിന്റെ അന്ത്യവിധികളിലേയ്ക്കടുക്കുമ്പോൾ
ദയാരഹിതമായ ഒരു വാതിൽ.......
മരണത്തിന്റെ ദശാസന്ധിയിൽ
ഊണുമേശയിലൊടുവിലവന്
ആവി ഉയരുന്ന ഫിഷ്ഫ്രൈയായ്‌ മറുജന്മം......

2 comments:

ജിതൻ said...

സുഹൃത്തേ..
പലപ്പോഴും നാമോരോരുത്തരും മത്സ്യങ്ങളാണ്....
കവിത വളരെയേറെ ചിന്തിപ്പിക്കുന്നു...

M.R.Anilan -എം. ആര്‍.അനിലന്‍ said...

സുനിൽ ഇപ്പോളാണ്‌ കാണുന്നത്. നല്ല കവിത

തുടിച്ചുനീന്തിയും,
വലക്കണ്ണികളിൽ മുഖമുരസിയും
പുളഞ്ഞിളകുമ്പോൾ വല ദു:ഖത്തോടെ
കുരിശു വരച്ചു പിറുപിറുത്തു;
“ ഓ ദൈവമേ,
ഇവൻ മരണത്തോടടുക്കുകയാണ്,