Sunday, May 25, 2008

അവധൂതന്റെ ഒരു രാത്രി




ഒരു നിമിത്തം പോലെ അയ്യപ്പേട്ടന്‍ കഴിഞ്ഞ രാത്രി എനിക്കു മുന്നില്‍ പ്രത്യക്ഷനായി... ആകാശത്തിലും സമുദ്രത്തിലും ആള്‍ക്കൂട്ടമില്ലാത്തതുകൊണ്ടു സഞ്ചരിക്കുവാന്‍ സ്വയം തെരുവു പണിഞ്ഞവന്‍.. കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ അത്യാസന്നനിലയില്‍ അയ്യപ്പന്‍ കിടക്കുന്നൂവെന്ന പത്രവാര്‍ത്ത മുറിപ്പാടുപോലെ ഉള്ളിലുള്ളതിനാലാവാം തികച്ചും അപ്രതീക്ഷിതമായ കൂടിക്കാഴ്ച അത്ഭുതപ്പെടുത്തി.. ചേറുള്ള കാലടികളില്‍ തീര്‍ത്ഥയാനങ്ങളുടെ മുദ്രകളുള്ളവന്‍ എപ്പോഴെങ്കിലും ഈ നഗരം തേടിവരുമെന്നു ഞാന്‍ സ്വപ്നം കണ്ടത് വെറുതെയായില്ല. ഭാഷയുടെ സെമിത്തേരിയില്‍ ഇവന്റെ വാക്കുകളെ അടക്കം ചെയ്യുവാന്‍ പകരക്കാരനാരുണ്ട്...? ഇരുട്ടത്തും തിളങ്ങുന്ന നക്ഷത്രക്കണ്ണുകളുമായി കവി എനിക്കുമുന്നില്‍ പുഞ്ചിരിച്ചുനിന്നപ്പോള്‍ വിസ്മയമായിരുന്നു. കുറേക്കൂടി ക്ഷീണിച്ചെങ്കിലും തേജസ്സുമങ്ങാത്ത മുഖം...  കണ്ടപാടെ കെട്ടിപ്പിടിച്ചു ചോദിച്ചതു ഓര്‍മ്മയുണ്ടോയെന്നല്ല, ലഹരിയുടെ അന്തര്‍ദാഹം തീര്‍ക്കാന്‍ എത്രയുണ്ടെന്നുമാത്രം! അല്ലെങ്കില്‍ത്തന്നെ അയ്യപ്പനു ഓര്‍ത്തുവയ്ക്കാന്‍ ഓര്‍മ്മകളുടെ ആല്‍ബങ്ങളില്‍ യാതൊന്നുമില്ലല്ലോ..  ദയാരഹിതമായ അടഞ്ഞവാതിലുകളില്‍ നിന്നു തീപിടിച്ച കണ്ണുകളും, കാലുകളുമായി വെയില്‍തിന്നുകൊണ്ടു ഈ പക്ഷി പറന്നുകൊണ്ടേയിരിക്കുന്നു, തെരുവുകളില്‍ നിന്നു തെരുവുകളിലേയ്ക്ക്....!ഇനി എന്നാണു കാണുക? മറുപടി ഒരു പുഞ്ചിരി മാത്രം...
...................................................................................

ലഹരിയുടെ ജാലകങ്ങളില്‍ പറന്നുപൊങ്ങി എകാന്തതയും തെരുവുകളും സ്വന്തമാക്കി അവന്‍ കാഴ്ച മങ്ങിയ എനിക്കു മുന്നില്‍ നിന്നു ആള്‍ക്കൂട്ടത്തിലേയ്ക്കലിഞ്ഞുചേരുമ്പൊള്‍ അറിയാതെ കണ്ണൊന്നു നനഞ്ഞു, ഓ ദൈവമേ, ഈ നിഷേധിയെ ഞാനെത്രമാത്രം സ്നേഹിച്ചുപോയി...!
.......................................................................................
ഇരുണ്ട സഹാറയില്‍
ഇഴയുകയായിരുന്നു ഞാന്‍
അതെയിരുട്ടില്‍
മുറിവുകള്‍ തിളങ്ങുന്ന
മറ്റൊരു രൂപം....
ഞാന്‍ ചോദിച്ചു:
ആരു നീ?
മുറിവുകളുടെ വെളിച്ചം
എന്നോടു പറഞ്ഞു;
ഞാന്‍ ഇയ്യോബ്‌..!

6 comments:

തണല്‍ said...

സുനില്‍,
വല്ലാത്ത ഒരു സുഖമുണ്ട് നിങ്ങളുടെ കൂടികാഴ്ചക്ക്.സത്യത്തില്‍ അസൂയ തോന്നുന്നു മാഷേ നിങ്ങളോട്!
''അര്‍ബുദം കാര്‍ന്ന കണ്ണുകള്‍ക്കു

കാഴ്ച വേണം..

നീ തന്ന അഗ്നിയാണു

എന്റെ നെഞ്ചില്‍..

എരിതീയുടെ വെളിച്ചത്തില്‍

നിന്നെ ഞാന്‍ കാണുന്നു!''

Anonymous said...

നന്ദി അപ്പു...അയ്യപ്പേട്ടന്‍ എന്ന അഗ്നി നിങ്ങളുടേതും കൂടിയാണെന്നു ഞാന്‍ കരുതുന്നു...

Anonymous said...

hi sunil

njan kvithakal vayichu
avadoothan pollunna experience
pinne valayile meen ezhathapeetu


kooduthal

jacob

Anonymous said...

പയറ്റുവിളയിലെ പ്രിയകൂട്ടുകാരാ......

അയ്യപ്പന്‍!!!!!!!
അദ്ദേഹത്തിന്റെ കവിതകള്‍ എന്റേതുകൂടിയാണ്.....കാരണം, ആ അവധൂതനാണ് ഞാനുമെന്ന് പലപ്പൊഴും തോന്നിയിട്ടുണ്ട്.....
താന്‍ കുറിച്ച വരികളിലെ അഗ്നി എന്നില്‍ കത്തിത്തുടങ്ങിയിരിക്കുന്നതറിയുക........
പിന്നെ, നേര്‍ത്ത ഒരു സാന്ത്വനമായി ഓര്‍മ്മകളിലെ പദ്മതീര്‍ത്ഥ്ക്കുളത്തില്‍ ഒരു മുങ്ങിക്കുളി.....
നന്ദി, പ്രിയകൂട്ടുകാരാ......

വീടില്ലാത്തൊരുവനോട് വീടിനൊരു പേരിടാനും
കുഞ്ഞില്ലാത്തൊരുവനോട് കുഞ്ഞിനൊരു പേരിടാനും
ചൊല്ലവെ നീ കൂട്ടുകാരാ
ഇതു രണ്ടുമില്ലാത്തൊരുവ്നറെ നെഞ്ചിലെത്തീ
നീ കണ്ടുവോ???

കോപ്പയില്‍ നിറച്ച
കവിതയുടെ വിഷം പകര്‍ന്നുതരുന്ന അവധൂതന്
എന്താണു നല്‍കാനാവുക????


Ajith Gangadharan

nishad said...

nalla bhaasha.

njaan aduthideyaanu vaayana thudangiyathu.

athu kondu oru commend tharaaraayittilla. ennalum enne pole thudakkakkaarkkum ellaarkkum manasilaakunna lalithamaaya bhasha.

athu pole chinthakalum.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഞാനിഷ്ടപ്പെടുന്ന കവികളില്‍ മുന്നില്‍ നില്‍ക്കുന്നത് ശ്രീ അയ്യപ്പനാണ്. കാണണമെന്ന് ഓരുപാട് ആഗ്രഹവുമുണ്ട്. ഞാനദ്ദേഹത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. ലിങ്ക് കൊടുക്കുന്നു.
മുറിവേറ്റ ശീര്‍ഷകത്തിലേക്കൊരു തീര്‍ത്ഥ യാത്ര‌

ഇഷ്ടപ്പെട്ടില്ല എങ്കില്‍ ക്ഷമിക്കുക. ശ്രീ അയ്യപ്പനെ ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.