Thursday, June 12, 2008

ഓര്‍മ്മകള്‍ വിടരുന്നതു...


ഇന്നലെയും അതവിടെയുണ്ടായിരുന്നു..
സുരഭിലമായ ഒരു ചുവന്ന റോസ്‌..
വെളുത്ത മാലാഖമാര്‍ പാറിനടക്കും
വരാന്തകളില്‍,
ചുമച്ചു തളര്‍ന്ന ഇരുണ്ട വാര്‍ഡുകളില്‍,
കൂട്ടിരിപ്പിന്‍ കാവലാളുകള്‍
വിറങ്ങലിക്കുന്ന ഇടനാഴികളില്‍
കാത്തിരിപ്പിന്റെ അവസാനമറിയാതെ
ആ സൌരഭ്യം പകര്‍ന്നു പരന്നു...

യൌവ്വനം മറന്ന മേല്‍ക്കൂരയ്ക്കു താഴെ
നീണ്ടുനിവര്‍ന്നു ഞാന്‍....
കിടയ്ക്കക്കരുകില്‍,
ഇന്നലെയും അതവിടെയുണ്ടായിരുന്നു
സുരഭിലമായ ഒരു ചുവന്ന റോസ്‌..!
വിരലുകള്‍ വെറുതെ
അതുമിതും പറഞ്ഞിഴചേരുമ്പോള്‍
ഞാന്‍ സ്വപ്നം കാണുകയായിരുന്നു...
കൊതുകുകളുടെ ഗസലുകള്‍ക്കുനടുവില്‍
എന്റെ സ്വപ്നം എറിഞ്ഞുടയ്ക്കപ്പെട്ടു..

ജീവിതം തിരിച്ചുകിട്ടുന്ന
ഉജ്ജ്വലവും, ശുഭപര്യവസായിയുമായ
സ്വപ്നം കണ്ടുതുടങ്ങിയതിനുപിന്നില്‍
ആ ചുവന്ന റോസ്‌ തന്നെ..!
ഇന്നലെയും അതവിടെയുണ്ടായിരുന്നു
സുരഭിലമായ ഒരു ചുവന്ന റോസ്‌..!
പ്രതീക്ഷകളുടെ ഇഞ്ചക്ഷനുകളില്‍
ലഹരി നിറച്ചു വീണ്ടും ജീവിതത്തെ
സ്വപ്നം കാണാം..
വെളുത്ത മാലാഖമാര്‍ പാറിനടക്കട്ടെ...
കൊതുകുകള്‍ ശോകഭരിതമായ ഗസലുകള്‍ പാടട്ടെ...

ഇടയ്ക്ക്....
അലോസരപ്പെടുത്തുന്ന ഒരു നിലവിളി..
ആരുടേയോ ശകാരം...
ഏതവന്റേയോ ഒരു പ്രാര്‍ത്ഥന...
ഇത്രകൂടിയായാല്‍ ശുഭം....
തീര്‍ന്നു....,
ഒരു രാത്രികൂടി പരിപൂര്‍ണ്ണം..!

മരുന്നുകളുടെ മാസ്മരികതയില്‍
വീണ്ടും ജീവിതത്തെ സ്വപ്നം കാണാം..
ഓര്‍മ്മകള്‍ വിടരുന്നതും അപ്പോഴാണ്.......
എന്നും അതവിടെയുണ്ടായിരുന്നെങ്കില്‍.....,
സുരഭിലമായ ആ ചുവന്ന റോസ്‌.....!

2 comments:

joice samuel said...

നന്നായിട്ടുണ്ട് ചേട്ടാ....
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്!!

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്...*